കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷ മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരം നന്ദിഗ്രാമിൽ സഞ്ചിത പ്രധാൻ , റെജിനഗറിൽ മുൻ എംഎൽഎ റബിയുൾ ആലം ചൗധരി എന്നിവരെയാണ് തൃണമൂൽ സ്ഥാനാർത്ഥികളാക്കിയത്. ഇതിനുപുറമെ അസമിലെ നഗാവ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുൻ അധ്യാപകനായ അബ്ദുൾ സലാമിനെയും പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം മണ്ഡലം രാജിവെച്ചതിനെ തുടർന്നാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഭവാനിപൂർ, നന്ദിഗ്രാം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച സുവേന്ദു അധികാരി പിന്നീട് ഭവാനിപൂർ മണ്ഡലം നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ആം ജനതാ ഉന്നയൻ പാർട്ടി നേതാവ് ഹുമയൂൺ കബീർ റെജിനഗർ സീറ്റ് രാജിവെച്ചതാണ് അവിടെ തിരഞ്ഞെടുപ്പിന് വഴിതുറന്നത്. നന്ദിഗ്രാമിൽ മിലൻ പ്രധാൻ, റെജിനഗറിൽ അബ്ദുള്ളാഹിൽ കാഫി എന്നിവരെ കോൺഗ്രസ് സ്ഥാനാർത്ഥികളായും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ ആറിനാണ് പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ലോക്‌സഭാ മണ്ഡലത്തിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ ഒൻപതിന് വോട്ടെണ്ണൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ മാസം 16-നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സജീവമായിക്കഴിഞ്ഞു.








