ചണ്ഡീഗഡ്: പഞ്ചാബിലേക്ക് വീണ്ടും ഡ്രോൺ അയച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമം തുടർന്ന് പാകിസ്താൻ. ഇന്ന് പുലർച്ചെ അമൃത്‌സറിലാണ് വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ എത്തിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥർ ഉടനെ വെടിവച്ച് വീഴ്ത്താൻ ശ്രമിച്ചെങ്കിലും അതിവേഗം അതിർത്തി കടന്ന് ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരികെ പോകുകയായിരുന്നു.
പുലർച്ചെ നാല് മണിയോടെയാണ് ഡ്രോൺ അതിർത്തി കടന്ന് എത്തിയതെന്നാണ് ബിഎസ്എഫ് അറിയിക്കുന്നത്. സംഭവ സമയം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെ ഡ്രോണിന്റെ മൂളൽ ശബ്ദം കേട്ടു. ഇതേ തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ പാകിസ്താൻ ഭാഗത്തു നിന്നും അതിർത്തി കടന്ന് എത്തിയ ഡ്രോൺ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ഇതോടെ ഒരു കവർ പ്രദേശത്ത് നിക്ഷേപിച്ച ശേഷം ഡ്രോൺ തിരികെ മടങ്ങുകയായിരുന്നു.
ഇതിന് ശേഷം ബിഎസ്എഫ് സ്ഥലത്ത് പരിശോധന നടത്തി. ഇവിടെ നിന്നും കവറിൽ ഉപേക്ഷിച്ച നിലയിൽ അഞ്ചര കിലോ ഹെറോയിൻ കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും അമൃത്‌സറിൽ അതിർത്തി കടന്ന് ഡ്രോൺ എത്തിയിരുന്നു. എന്നാൽ ബിഎസ്എഫ് ഇത് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
Discussion about this post