മുംബൈ: പ്രേക്ഷകർ ഏറ്റെടുത്ത പാൻ ഇന്ത്യ ചിത്രം ദ കേരള സ്‌റ്റോറിക്ക് പിന്നാലെ മാവോയിസം പ്രമേയമാക്കി പുതിയ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംവിധായകൻ സുദീപ്‌തോ സെൻ.ഇന്ത്യയുടെ അമ്പത് വർഷത്തെ മാവോയിസ്റ്റ് ചരിത്രത്തെ അടിസ്ഥാനമാക്കിയാകും സിനിമ ഒരുക്കുക. കേരള സ്റ്റോറിയുടെ നിർമ്മാതാവ് തന്നെയാകും ചിത്രം നിർമ്മിക്കുക എന്നാണ് വിവരം.
‘കേരള സ്റ്റോറി ഒരുപാട് സംതൃപ്തി നൽകിയ സിനിമയാണ്. എന്റെ അടുത്ത സിനിമ ഇന്ത്യയുടെ അമ്പത് വർഷത്തെ മാവോയിസ്റ്റ് ചരിത്രത്തെ അടിസ്ഥാനമാക്കിയാണ്. കേരള സ്റ്റോറിയുടെ നിർമ്മാതാവ് വിപുൽ ഷാ തന്നെയാകും നിർമ്മാതാവ്. വിപുൽ ജീക്കൊപ്പം എന്റെ അടുത്ത പ്രോജക്ട് ഞാൻ കമ്മിറ്റ് ചെയ്തു.’ എന്ന് സംവിധായകൻ പറഞ്ഞു.
അതേസമയം സുദീപ്‌തോ സെൻ സംവിധായനം ചെയ്യുന്ന സഹശ്രീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സഹാറ ഇന്ത്യ പരിവാർ സ്ഥാപകൻ സുബ്രതാ റോയിയുടെ ജീവചരിത്രമാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ബിഹാർ, കൊൽക്കത്ത, ലണ്ടൻ എന്നിവിടങ്ങളിൽ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. എ ആർ റഹ്‌മാൻ ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുമ്പോൾ, ഗുൽസാറാണ് വരികൾ എഴുതുന്നത്.
Discussion about this post