ഇംഫാൽ: ഇരു വിഭാഗം തമ്മിൽ സംഘർഷം തുടരുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. ഗവർണർ അനുസൂയ ഉയ്ക്കിയുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രി ബിരേൻ സിംഗ്, ചില എംഎൽഎമാർ എംപിമാർ എന്നിവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ മറ്റ് പാർട്ടികളിലെ നേതാക്കൾ, ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവരും സമതിയിലെ അംഗങ്ങളാണ്. സംഘർഷത്തിലേർപ്പെട്ടിരിക്കുന്നവരുമായി ചർച്ച നടത്തിയും മറ്റ് പ്രവർത്തനങ്ങളിലൂടെയും പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇരു ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ എത്തിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സമാധാന സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിൽ ആണ് സമിതി രൂപീകരിച്ചത്. ഇതിന് പുറമേ കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കും എന്നായിരുന്നു അമിത് ഷായുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ നിരവധി പേർ ആയുധം ഹാജരാക്കിയിരുന്നു. ആയുധം ഹാജരാക്കാത്ത കലാപകാരികളുടെ വീടുകളിൽ പരിശോധന തുടരുകയാണ്.
Discussion about this post