ന്യൂഡൽഹി: ജർമ്മനിയിൽ നടന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷൻ (ഐഎസ്എസ്എഫ്) ജൂനിയർ വേൾഡ് കപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ഷൂട്ടർമാർ തുടർച്ചയായി നമ്മുടെ അഭിമാനമായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു പ്രധാനമന്ത്രി ഷൂട്ടിംഗ് താരങ്ങളെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.
നമ്മുടെ ഷൂട്ടർമാർ തുടർച്ചയായ വിജയങ്ങൾ നേടി നമ്മുടെ അഭിമാനമായി മാറുന്നു. എഎസ്എസ്എഫ് ജൂനിയർ വേൾഡ് കപ്പിൽ നമ്മുടെ താരങ്ങളുടേത് അവിശ്വസനീയമായ പ്രകടനമാണ്. 15 മെഡലുകളാണ് താരങ്ങൾ വാരിക്കൂട്ടിയത്. ഒരോ വിജയവും നമ്മുടെ താരങ്ങളുടെ ഇഷ്ടത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഊർജ്ജത്തിന്റെയും ആകെ തുകയാണ്. വിജയം നേടിയ താരങ്ങൾക്ക് അഭിനന്ദനങ്ങൾ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മത്സരത്തിൽ ആറ് സ്വർണ മെഡലുകളാണ് നമ്മുടെ കുട്ടി താരങ്ങൾ നേടിയത്. ഇതിന് പുറമേ ആറ് വെള്ളി മെഡലുകളും, മൂന്ന് വെങ്കല മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഐഎസ്എസ്എഫ് ജൂനിയർ വേൾഡ് കപ്പിലും ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലും മികച്ച വിജയമാണ് ഇന്ത്യയിലെ ഷൂട്ടിംഗ് താരങ്ങൾ കൈവരിക്കുന്നത്.
Discussion about this post