ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രമാക്കി ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ വഴി കൗമാരക്കാരെ മതപരിവർത്തനത്തിന് ഇരയാക്കിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിൽ പോയ ഷാനവാസ് മഖ്‌സൂദ് എന്ന ബദ്ദോയാണ് പിടിയിലായത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
പ്രായപൂർത്തിയാവാത്ത തന്റെ മകനെ ഒരു മുസ്ലീം മതപണ്ഡിതനും ബദ്ദോയും ചേർന്ന് നിയമവിരുദ്ധമായി ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്തെന്ന് ആരോപിച്ച് ഗാസിയാബാദിൽ നിന്നുള്ള ഒരാൾ കഴിഞ്ഞ മാസം പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് ഗെയിമിങ്ങ് ആപ്പ് വഴി വ്യാപകമായി മതപരിവർത്തനം നടത്തുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.
കേസെടുത്ത പോലീസ് ആദ്യം മുസ്ലീം മതപണ്ഡിതനായിരുന്നു അബ്ദുൾ റഹിമാനെ പിടികൂടിയിരുന്നു. പോലീസ് തിരയുന്നുണ്ടെന്ന വിവരം ലഭിച്ച ഷാനവാസി മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു.
ഫോർട്ട്നെറ്റ് എന്ന ഓൺലൈൻ ഗെയിമിംഗ് ആപ്പിന് പുറമേ സ്നാപ്പ് ചാറ്റ് എന്ന ആപ്പും ഇവർ മതപരിവർത്തനത്തിനായി ഉപയോഗിച്ചിരുന്നു. ഫോർട്ട്നെറ്റിന് അടിമകളായ കുട്ടികളെയാണ് സംഘം നോട്ടമിട്ടിരുന്നത്. കളിയിൽ തോൽക്കുമ്പോൾ, അവർക്ക് വിജയിക്കണമെങ്കിൽ ഖുർആനിലെ വാക്യങ്ങൾ വായിക്കാൻ അവരോട് ആവശ്യപ്പെട്ടു. അവർ വിജയിക്കുമ്പോൾ, അവരുടെ താൽപ്പര്യവും വിശ്വാസവും വർദ്ധിക്കും. തുടർന്ന്, അവർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുമെന്ന് പിടിയിലായ റഹ്‌മാൻ പറയുന്നു. ചാറ്റ് ചെയ്ത് കുട്ടികളെ വരുതിയിലാക്കി അവരെ തീവ്രഇസ്ലാമിക മതപ്രഭാഷകരായ താരിഖ് ജമീൽ,സാക്കിർ നായിക് എന്നിവരുടെ വീഡിയോകളും കാണിക്കാറുണ്ട്.









