ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം
ഒമാൻ തീരത്തിന് സമീപം പനാമ പതാക ഘടിപ്പിച്ച ‘എംടി എൽ ഗയ’ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ ഒരു ഇന്ത്യാക്കാരനായി ഒമാൻ അധികൃതരുമായി സഹകരിച്ച് വിപുലമായ തിരച്ചിൽ നടന്നു വരികയാണ്. സഹായം നൽകിയ ഒമാൻ ഭരണകൂടത്തിന് ഭാരതം നന്ദി അറിയിച്ചു.
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകളെയും നാവികരെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രപാതകളിലെ സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ഭാരതം എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.









