കോഴിക്കോട് : രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. കൊടുവള്ളി സ്വദേശി നാദിർ കുടുക്കിലാണ് അറസ്റ്റിലായത്. നേപ്പാൾ വഴി കേരളത്തിലേക്ക് എത്തിയ ഇയാളെ കസ്റ്റംസ് പിടികൂടുകയായിരുന്നു.
2021 ജൂൺ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് അഞ്ച് പേരാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച സ്വർണക്കടത്തും സ്വർണം പൊട്ടിക്കലും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നത്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾ പിന്തുടരുന്നതിനിടെയാണ് വാഹനം അപകടത്തിൽ പെട്ടത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വിദേശത്ത് നിന്നെത്തിയ ആളിൽ നിന്ന് സ്വർണം തട്ടിയെടുക്കാനെത്തിയ സംഘം രാമനാട്ടുകരയിൽ വാഹനാപകടത്തിൽ പെട്ടതോടെയാണ് സംഭവം വിവാദമായത്. ഈ രണ്ട് സംഘങ്ങളിൽ ഒരുവിഭാഗം സ്വർണം വാങ്ങാനും എതിർവിഭാഗം കവർച്ച നടത്താനുമാണ് എത്തിയതെന്നായിരുന്നു അന്വേഷണ സംഘത്തിന് വ്യക്തമായത്.
സംഭവത്തിൽ അർജുൻ ആയങ്കി ഉൾപ്പെടെ മൂന്നുപേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവർക്കെല്ലാം പിന്നീട് ജാമ്യവും കിട്ടി. ടി.പി. വധക്കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫി, കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി, അർജുൻ തില്ലങ്കേരിയുടെ ഭാര്യ എന്നിവരെ ചോദ്യം ചെയ്തിരുന്നു.
Discussion about this post