എറണാകുളം: കേരള സർവ്വകലാശാലയിൽ യൂണിയൻ ഭാരവാഹിത്വം ലഭിക്കാൻ കാട്ടാക്കട കോളേജിൽ നടന്ന ആൾമാറാട്ടം അതീവ ഗൗരവമുള്ളതെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ എസ്എഫ്‌ഐ നേതാവ് വിശാഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. വിശാഖിന്റെ അറസ്റ്റ് കോടതി തടഞ്ഞു.
ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ മാസം 20 വരെ അറസ്റ്റ് തടഞ്ഞ കോടതി കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിനോടാണ് കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഉണ്ടായത് സർവ്വകലാശാലയെയും വിദ്യാർത്ഥികളെയും കബളിപ്പിക്കലാണെന്ന് കോടതി പറഞ്ഞു. ഇതിൽ അതിവേഗം അന്വേഷണം പൂർത്തിയാക്കേണ്ട പോലീസ് കാലതാമസം വരുത്തി. ഇത് പ്രതികൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയെന്നും കോടതി വിമർശിച്ചു.
അതേസമയം ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. മുൻകൂർ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഷൈജു ജാമ്യത്തിനായി അപേക്ഷ നൽകിയത്.
Discussion about this post