തിരുവനന്തപുരം: സ്വകാര്യ ചാനലിലെ സംവാദ പരിപാടിയിൽ വികലമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തതിനെ വിമർശിച്ചതിന്റെ ദേഷ്യം മാറാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. തെറ്റ് തിരുത്തി നൽകാൻ ശ്രമിക്കുന്നവരെയും അടച്ച് ആക്ഷേപിച്ചാണ് മന്ത്രി തന്റെ ദേഷ്യം തീർക്കുന്നത്. അദ്ധ്യാപകനെ പരസ്യമായി വിഡ്ഢി എന്ന് വിളിക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങൾ.
ചാരുകസേര ബുദ്ധിജീവി തെറ്റാണ്, മന്ത്രിണീ. ചാരകസേര വിമർശക/ൻ ആണ് ശരിയെന്ന് ചൂണ്ടിക്കാട്ടിയ ഹയർസെക്കൻഡറി അദ്ധ്യാപകനെയാണ് , മന്ത്രി അധിക്ഷേപിച്ചത്. ഒന്ന് പോടാ വിഡ്ഢി. നീ കേൾക്കാത്ത കാര്യങ്ങൾ,നിനക്കറിയാത്ത കാര്യങ്ങൾ തെറ്റാണെന്ന് വിധിക്കാൻ നീയാരാ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായി. 12 ാം ക്ലാസിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണെന്നും. ഒന്ന് കോർത്ത് നോക്കുന്നോ മന്ത്രിണീ (ഇംഗ്ലീഷിൽ) എന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. സോഷ്യൽ മീഡിയ പോസ്റ്റിന് കമന്റായിട്ടായിരുന്നു ഈ സൈബർ യുദ്ധം.
വെയറവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ എന്ന് മന്ത്രി പറഞ്ഞതിലായിരുന്നു ട്രോളുകൾ വന്നത്. വിമർശിച്ചവർക്കും പരിഹസിച്ചവർക്കും കടുത്ത ഭാഷയിലാണ് മന്ത്രിയുടെ മറുപടി. പറഞ്ഞത് മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോട് ചോദിച്ചു മനസിലാക്കണമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
മന്ത്രിയെന്നതിൽ ഉപരി കോളേജ് അദ്ധ്യാപികയും ഡോക്ടറൽ ബിരുദധാരിയുമായ വ്യക്തിയ്ക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വികലമായ ഭാഷാ പ്രയോഗത്തെ പലരും കുറ്റപ്പെടുത്തിയത്.












