മണിപ്പൂരിലെ ഏക വനിതാ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിക്ക് തീയിട്ട് അക്രമികൾ. ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിന്നുള്ള വ്യവസായ മന്ത്രിയാണ് നെംച കിപ്ജെൻ. ഇന്നലെ വൈകുന്നേരത്തോടെയാണ് അക്രമികൾ ഇവരുടെ വീടിന് തീയിട്ടത്. സംഭവസമയം നെംച കിപ്ജെൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആക്രമണമുണ്ടായതിന് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്ഥലത്തെത്തി. സുരക്ഷാസേനയുടെ നേതൃത്വത്തിൽ അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഗോത്രവർഗക്കാർക്ക് ആധിപത്യമുള്ള കാങ്പോക്പി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് നെച കിപ്ജെൻ നിയമസഭയിലേക്ക് എത്തുന്നത്. മണിപ്പൂരിലെ 12 അംഗ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി കൂടിയാണ് ഇവർ.
അതേസമയം മണിപ്പൂരിൽ സംഘർഷങ്ങൾക്ക് ഇപ്പോഴും അയവ് സംഭവിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇവരിൽ ഒരാൾ ഒരു സ്ത്രീയാണ്. ഖമെൻലോക് മേഖലയിൽ രാത്രി വൈകിയുണ്ടായ വെടിവയ്പ്പിലാണ് ഇവരിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post