ന്യൂഡൽഹി: പോക്‌സോ കേസിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി ഡൽഹി പോലീസിന്റെ കുറ്റപത്രം. ഡൽഹി കോടതിയിൽ ഇന്ന് സമർപ്പിച്ച കുറ്റപത്രത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. ബ്രിജ് ഭൂഷണെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്‌സോ കേസ് റദ്ദാക്കണമെന്നും കുറ്റപത്രത്തിൽ നിർദ്ദേശമുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 354എ, 354 ഡി, 109, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ബ്രിജ് ഭൂഷണെതിരെ ആരോപണം ഉയർത്തിയ പെൺകുട്ടിയുടെ മൊഴികളിൽ തന്നെ വൈരുദ്ധ്യം ഉള്ളതായി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ആദ്യം ബ്രിജ് ഭൂഷണെതിരെ മൊഴി നൽകിയ കുട്ടി രണ്ടാമത് മൊഴി നൽകാൻ മടി കാണിച്ചു. പിന്നീട് ആദ്യം നൽകിയ മൊഴിയിൽ നിന്നും തീർത്തും വൈരുദ്ധ്യ മുള്ള മൊഴിയാണ് രണ്ടാമത് നൽകിയത്. തന്നെ മത്സരത്തിനായി സെലക്ട് ചെയ്തില്ല. ഇതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ലൈംഗികാരോപണം ഉന്നയിച്ചത് എന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മത്സരത്തിൽ സെലക്ഷൻ ലഭിക്കാത്തതിൽ തനിക്ക് വലിയ മാനസിക പ്രയാസം ഉണ്ടായി. മത്സരത്തിനായി ഒരുപാട് കഠിനമായി പ്രയത്‌നിച്ചു. എന്നിട്ടും തിരഞ്ഞെടുത്തില്ല. ഇതിൽ വലിയ ദേഷ്യം തോന്നി. ഇതേ തുടർന്നായിരുന്നു ലൈംഗിക ആരോപണമെന്നും കുട്ടി മൊഴി നൽകിയെന്നും കുറ്റപത്രത്തിലുണ്ട്. വിഷയം കോടതി അടുത്ത മാസം നാലിന് പരിഗണിക്കും.
Discussion about this post