ഇംഫാൽ; മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീടിന് നേരെ ആക്രമണം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ.രഞ്ജൻ സിംഗിന്റെ ഇംഫാലിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ആയിരത്തിലധികം വരുന്ന അക്രമികളാണ് വീടിന് തീയിട്ടത്. സംഭവസമയം രഞ്ജൻ സിംഗ് വീട്ടിൽ ഉണ്ടായിരുന്നില്ല. പതിനാല് സുരക്ഷാ ഉദ്യോഗസ്ഥരും എട്ട് അഡീഷണൽ ഗാർഡുകളും ഈ സമയം ഇവിടെ ഉണ്ടായിരുന്നു.
അക്രമികൾ വീടിന് നേർക്ക് എല്ലാ ഭാഗത്തുനിന്നും പെട്രോൾ ബോംബുകൾ എറിയുകയായിരുന്നുവെന്ന് മന്ത്രിയുടെ വീട്ടിൽ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ” ആൾക്കൂട്ടം കൂടുതലായതിനാൽ ഞങ്ങൾക്ക് അത് തടയാനായില്ല, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല. വീടിന്റെ എല്ലാ ദിശകളിൽ നിന്നും അവർ പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. അതുകൊണ്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ലെന്നും എസ്‌കോർട്ട് കമാൻഡർ എൽ ദിനേശ്വർ സിംഗ് പറഞ്ഞു. 1200ഓളം പേർ സംഘത്തിലുണ്ടായിരുന്നുവെന്നും ദിനേശ്വർ സിംഗ് പറഞ്ഞു.
ഇത് രണ്ടാം തവണയാണ് രഞ്ജൻ സിംഗിന്റെ വീടിന് നേരെ ആക്രമണം ഉണ്ടാകുന്നത്. മെയ് മാസത്തിൽ ആക്രമണം ഉണ്ടായതിന് പിന്നാലെ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. പിന്നാലെയാണ് അക്രമികൾ പിരിഞ്ഞുപോയത്. കഴിഞ്ഞ മാസം രഞ്ജൻ സിംഗ് മണിപ്പൂരിലെ മെയ്തി കുക്കി സമുദായങ്ങളിൽ നിന്നുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അക്രമങ്ങൾക്ക് പിന്നിൽ ആരായാലും അവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
Discussion about this post