കൊച്ചി: വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക്‌ഷോർ ആശുപത്രി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച എബിന് കൃത്യമായ ചികിത്സ നൽകിരുന്നുവെന്നും ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.എച്ച് രമേഷ് പറയുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ രോഗി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണ മണികൾ വികസിച്ചിരുന്നു. മസ്തിഷ്‌കത്തിലെ ക്ഷതവും ഗുരുതരമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ സാധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാർശ ചെയ്തത്. കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുമെന്നും ഡോ.രമേഷ് വ്യക്തമാക്കി.
വാഹനാപകടത്തിൽ പരിക്കേറ്റ ഉടുമ്പൻചോല സ്വദേശി എബിന് ചികിത്സ നൽകിയതിലും അവയവദാനം നടത്തിയതിലും അപാകത കണ്ടെത്തിയതിന് പിന്നാലെയാണ് ലേക്‌ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തത്. മരണത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ.ഗണപതി നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നും കോടതി കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേയും മുതിർന്ന ഡോക്ടർമാരെ അടക്കം വിസ്തരിച്ച ശേഷമാണ് പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Discussion about this post