ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിന് ഇരയായവർക്ക് സംഭാവന നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ. റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിനാണ് സുകേഷ് കത്തയച്ചത്.
തന്റെ നിയപരമായ സമ്പാദ്യത്തിൽ നിന്ന് 10 കോടി രൂപ ദുരന്തബാധിതർക്ക് നൽകാൻ അനുവദിക്കണമെന്നാണ് കേന്ദ്രമന്ത്രിയ്ക്ക് അയച്ച കത്തിൽ സുകേഷ് ആവശ്യപ്പെട്ടത്. ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായി ഈ ഫണ്ട് ഉപയോഗിക്കാമെന്ന് സുകേഷ് ചൂണ്ടിക്കാട്ടി. ട്രെയിൻ അപകടത്തെ നിർഭാഗ്യകരമായ ഒരു ദുരന്തം എന്ന് വിശേഷിപ്പിച്ച സുകേഷ്, ദുരന്തം തന്നെ ആഴത്തിൽ മുറിവേൽപ്പിച്ചതായി പറഞ്ഞു. ”എന്റെ ഹൃദയവും പ്രാർത്ഥനയും ആ സഹോദരിമാർക്കും സഹോദരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്ന് സുകേഷ് കൂട്ടിച്ചേർത്തു.
‘നമ്മുടെ സർക്കാർ ഇതിനകം തന്നെ ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനാൽ, ഉത്തരവാദിത്തമുള്ള ഒരു നല്ല പൗരൻ എന്ന നിലയിൽ, ആ കുടുംബങ്ങൾക്കും കുട്ടികൾക്കും, നമ്മുടെ ഭാവി യുവജനങ്ങൾക്കും വേണ്ടി പ്രത്യേകമായി ഉപയോഗിക്കുന്നതിനുള്ള ഫണ്ടായി 10 കോടി രൂപ ഞാൻ സംഭാവന ചെയ്യുന്നു. സ്‌കൂൾ, ഹൈസ്‌കൂൾ, കോളേജ് വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വിദ്യാഭ്യാസച്ചെലവുകൾക്കായി മരിച്ചവരുടെ ഓരോ കുട്ടിയുടെയും വിദ്യാഭ്യാസച്ചെലവുകൾക്കായാണ് സംഭാവന നൽകുന്നതെന്ന് സുകേഷ് പറഞ്ഞു.








