റഷ്യയിൽ നിന്ന് ആദ്യ ബാച്ച് ആണവായുധങ്ങൾ ബെലാറസിന് കൈമാറിയെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഈ വർഷം അവസാനത്തോടെ അടുത്ത ബാച്ച് ആണവായുധങ്ങൾ അവിടേക്ക് എത്തിക്കുമെന്നും സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ പറഞ്ഞു. യുക്രെയ്‌ന് എതിരായ യുദ്ധത്തിൽ മേൽക്കൈ നേടുന്നതിനും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രതിരോധിക്കാനും ആണവായുധങ്ങൾ കൈമാറുമെന്ന് പുടിൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
റഷ്യയുടെ പരാജയത്തെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവരേയും തടയാനുള്ള നടപടിയാണിതെന്നാണ് പുടിന്റെ വാദം. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസിൽ ആണവായുധങ്ങൾ സ്ഥാപിക്കുമെന്ന് ഇക്കഴിഞ്ഞ മാർച്ചിലാണ് പുടിൻ പ്രഖ്യാപിക്കുന്നത്. ആയുധങ്ങൾ തങ്ങളുടെ രാജ്യത്ത് എത്തിയിട്ടുണ്ടെന്ന കാര്യം ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയും സ്ഥിരീകരിച്ചു.
ബെലാറസിന് റഷ്യയിൽ നിന്ന് ബോംബുകളും മിസൈലുകളും ലഭിച്ചു. തങ്ങളുടെ പക്കലുള്ള ബോംബുകൾക്ക് ഹിരോഷിമയിലും നാഗസാക്കിയിലും വീണതിനെക്കാൾ മൂന്നിരട്ടി ശക്തിയുണ്ടെന്നാണ് അലക്‌സാണ്ടർ പറഞ്ഞത്. ഇവ ഉപയോഗിക്കുന്നതിന് ബെലാറസിലെ സൈനികർക്കും പരിശീലനം നൽകിയിട്ടുണ്ട്. എന്നാൽ ഇവയുടെ നിയന്ത്രണം റഷ്യയ്ക്ക് തന്നെയായിരിക്കുമെന്നാണ് വിവരം.












