അമരാവതി: സ്ത്രീകൾ കഴിയുന്നത്ര മൂടുപടം ധരിക്കണമെന്ന് തെലങ്കാന ആഭ്യന്തരമന്ത്രി മഹ്‌മൂദ് അലി.സ്ത്രീകൾ ചെറിയ വസ്ത്രം ധരിച്ചാൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വലിയ വിവാദത്തിനാണ് മന്ത്രി ഈ പരാമർശത്തിലൂടെ തിരികൊളുത്തിയിരിക്കുന്നത്.
‘ഞങ്ങളുടെ നയം തികച്ചും മതേതര നയമാണ്. എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്. പക്ഷേ, ഒരാൾ ഹിന്ദു അല്ലെങ്കിൽ ഇസ്ലാമിക ആചാരങ്ങൾക്കനുസരിച്ചുള്ള വസ്ത്രം ധരിക്കണം, യൂറോപ്യൻ സംസ്‌കാരം പിന്തുടരരുത്. നമ്മുടെ വസ്ത്രധാരണ സംസ്‌കാരത്തെ നാം ബഹുമാനിക്കണം. പ്രത്യേകിച്ച് സ്ത്രീകൾ ചെറിയ വസ്ത്രങ്ങൾ ധരിക്കുവാൻ പാടില്ല. അവർ കഴിയുന്നത്ര മൂടണമെന്നാണ് മന്ത്രിയുടെ പരാമർശം.
വെള്ളിയാഴ്ച ബുർഖ ധരിച്ച് പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിനികളെ ഹൈദരാബാദിലെ കെവി രംഗ റെഡ്ഡി കോളേജിൽ തടഞ്ഞിരുന്നു. ബുർഖ ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കോളേജ് നിലപാട് എടുത്തതോടെ വിദ്യാർത്ഥിനികൾ ബുർഖ അഴിച്ച് മാറ്റി പരീക്ഷ എഴുതുകയായിരുന്നു. ഈ വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.








