ചെന്നൈ: ബിജെപി നേതാവ് എസ്.ജി സൂര്യയുടെ അറസ്റ്റിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. സൂര്യയുടെ അറസ്റ്റ് പക പോക്കലാണെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ പ്രതികരിച്ചു. മുഖ്യമന്ത്രിയ്‌ക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ജയിലിൽ അടക്കുന്ന രീതിയാണ് തമിഴ്‌നാട്ടിൽ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് ആയിരുന്നു ടോം വടക്കന്റെ പ്രതികരണം.
സൂര്യയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണ്. എക്‌സൈസ് മന്ത്രി ബാലാജിയുടെ അറസ്റ്റിന് സ്റ്റാലിൻ പ്രതികാരം ചെയ്യുകയാണ്. ശുചീകരണ തൊഴിലാളിയുടെ മരണത്തിൽ സ്റ്റാലിൻ സർക്കാരിനെ സമൂഹമാദ്ധ്യമം വഴി വിമർശിച്ചു എന്നതാണ് സൂര്യ ചെയ്ത കുറ്റം. എന്നാൽ അഴിമതി നടത്തിയതിനാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത് എന്ന കാര്യം മറക്കരുതെന്നും ടോം വടക്കൻ വ്യക്തമാക്കി.
ബാലാജിയ്‌ക്കെതിരായ കേസ് ഇപ്പോൾ ഉണ്ടായ ഒന്നല്ല. ബാലാജി മന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷത്തിരുന്ന സ്റ്റാലിൻ തന്നെയാണ് ബാലാജിയുടെ അറസ്റ്റിന് കാരണം. ആരെങ്കിലും സർക്കാരിനോ മുഖ്യമന്ത്രിയ്‌ക്കോ എതിരെ ശബ്ദിച്ചാൽ അവർ ജയിലിൽ അടയ്ക്കപ്പെടും എന്നാണ് സൂര്യയുടെ അറസ്റ്റ് നൽകുന്ന സന്ദേശം. ബാലാജിയിലൂടെ തന്റെ അഴിമതിയും പുറത്തുവരുമോ എന്ന് സ്റ്റാലിൻ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുകൊണ്ടാണ് ബാലാജി ആശുപത്രിയിലായപ്പോൾ വേഗം തന്നെ സ്റ്റാലിൻ അങ്ങോട്ട് പോയി കണ്ടത്. അഴിമതിയിലൂടെ ലഭിച്ച പണം സ്റ്റാലിനും കൈപ്പറ്റിയിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










