തിരുവനന്തപുരം: പൊൻമുടിയിൽ ചുരത്തിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ആളപായമില്ല. 22ാം വളവിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. 500 മീറ്റർ താഴ്ചയിലേക്ക് ആണ് വാഹനം മറിഞ്ഞത്. ഉടൻ തന്നെ അതുവഴി പോയ മറ്റുള്ളവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
നാല് പേരെയും വാഹനത്തിൽ നിന്നും പുറത്തെടുത്തിട്ടുണ്ട്. കൊക്കയിൽ നിന്നും ഒരാളെ ഇതിനോടകം തന്നെ മുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർ അറിയിച്ചു.
നിലവിൽ പ്രദേശത്ത് മഴയും മൂടൽ മഞ്ഞും അനുഭവപ്പെടുന്നുണ്ട്. പ്രതിലൂക കാലാവസ്ഥാ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെന്നാണ് ആളുകൾ പറയുന്നത്.
Discussion about this post