ബംഗളൂരു: പൊതുസ്ഥലങ്ങളിലെ സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ബുദ്ധിമുട്ടാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു നഗരത്തിൽ പോലീസിൻറെ മിന്നൽ പരിശോധന. എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഹൈ സ്ട്രീറ്റുകളിലാണ് പോലീസ് അപ്രതീക്ഷിതമായി പരിശോധനയ്ക്കെത്തിയത്. പരിശോധനയുടെ ഭാഗമായി 25 ഓളം വിദേശികളെ പോലീസ് പിടികൂടി. ആളുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും, മയക്കുമരുന്ന് വിൽപനയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നുവെന്നും സെൻട്രൽ ഡിവിഷൻ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
വഴിയരികിൽ നിന്നുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിച്ച വിദേശികളാണ് പിടിയിലായവർ. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന 25 ഓളം ആഫ്രിക്കൻ പൗരന്മാരാണ് കസ്റ്റഡിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് വിധേയരാക്കി. ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ച ആറുപേരെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പരിശോധനയ്ക്ക് എത്തിയ സമയത്ത് പോലീസിനെ തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം നിന്നതിനും ഒരു സ്ത്രീക്കെതിരെ ഐപിസി സെക്ഷൻ 353 പ്രകാരം കേസെടുത്തു.
സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീനിവാസ ഗൗഡയുടെ നേതൃത്വത്തിലായിരുന്നു അപ്രതീക്ഷിത പരിശോധന. ഒരു ഡിസിപി, രണ്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാർ, 6 ഇൻസ്‌പെക്ടർമാർ, 10 പോലീസ് സബ് ഇൻസ്‌പെക്ടർമാർ, 20 വനിതാ സ്റ്റാഫ്, 20 പുരുഷ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ വൻ സന്നാഹം സംഘത്തിലുണ്ടായിരുന്നു.
“കസ്റ്റഡിയിലെടുത്തവരിൽ രണ്ടുപേരുടെ വിസ കാലാവധി കഴിഞ്ഞതാണെന്നും പോലീസ് കണ്ടെത്തി. ആകെ 26 പേരെ കസ്റ്റഡിയിലെടുത്തു. ആറുപേരെ എൻഡിപിഎസ് നിയമപ്രകാരം ലഹരി ഉപയോഗിച്ചതിനാണ് കസ്റ്റഡിയിൽ എടുത്തത്. മറ്റു ചിലരെ പൊതു ശല്യത്തിന് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ഉപയോഗം, വേശ്യാവൃത്തിക്ക് സ്ത്രീകളെ എത്തിക്കൽ എന്നിങ്ങനെയാണ് ഈ സംഘത്തിനെതിരെ വ്യാപകമായി പരാതി ലഭിച്ചത്. എന്നാൽ അത്തരം സംഭവങ്ങൾക്ക് ഞങ്ങൾക്ക് ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ല. കസ്റ്റഡിയിൽ എടുത്തവർ ഒരാൾ ഇന്ത്യക്കാരനും മറ്റുള്ളവർ ആഫ്രിക്കൻ പൗരന്മാരുമാണ്,” ശ്രീനിവാസ ഗൗഡ പറഞ്ഞു.








