തന്റെ 24 വർഷത്തെ നീണ്ട അന്താരാഷ്ട്ര കരിയറിൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാതാരം സച്ചിൻ ടെണ്ടുൽക്കർ തന്റെ ക്രിക്കറ്റ് ബാറ്റുകളുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മനസ് തുറന്നു. ഒരു ക്രിക്കറ്റ് ബാറ്റ് തനിക്ക് വെറുമൊരു ഉപകരണമല്ലായിരുന്നുവെന്നും, അത് തന്റെ കൈകളിൽ കൃത്യമായി ഇണങ്ങുന്ന രീതിയിൽ സ്വന്തം കൈകൾകൊണ്ട് തന്നെ താൻ മാറ്റങ്ങൾ വരുത്തുമായിരുന്നുവെന്നും സച്ചിൻ വെളിപ്പെടുത്തി.
തടിയുടെ ഭാരവും രൂപവുമെല്ലാം തന്റെ ഇഷ്ടപ്രകാരം ക്രമീകരിക്കാൻ അദ്ദേഹം സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ചിരുന്നു എന്ന പ്രത്യേകതയും താരം ആരാധകരുമായി പങ്കുവെച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഈ ഓർമ്മകൾ പങ്കുവെച്ചത്. സഹോദരൻ അജിത് തനിക്ക് നൽകിയ ഭാരമുള്ള ബാറ്റുകളോടുള്ള ഇഷ്ടം പിന്നീട് കരിയറിലുടനീളം അദ്ദേഹം തുടർന്നു.
മറ്റുള്ളവർ ഭാരം കുറഞ്ഞ ബാറ്റുകളിലേക്ക് മാറാൻ ഉപദേശിച്ചെങ്കിലും, തന്റെ ബാറ്റ് സ്വിംഗിനും പവർ ഹെറ്റിംഗിനും ആ ഭാരമാണ് കരുത്തായിരുന്നതെന്ന് ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേയിലൂടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബാറ്റ് തന്റെ കൈയുടെ ഒരു നീളമായി മാറണമെന്നും, തനിക്ക് ലഭിക്കുന്ന ആശ്വാസവും ആത്മവിശ്വാസവുമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും സച്ചിൻ കൂട്ടിച്ചേർത്തു.












