ചെന്നൈ: കാലവർഷം ശക്തമായതിന് പിന്നാലെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ 27 വർഷത്തിനിടെ പെയ്ത റെക്കോർഡ് മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ചെന്നൈ ഉൾപ്പെടെ തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. ചെന്നൈയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 140 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 1996 ജൂണിന് ശേഷം ഇതാദ്യമായാണ് ഇത്രയും മഴ ലഭിക്കുന്നത്.
മഴ ശക്തി പ്രാപിച്ചതോടെ ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങൾ ബംഗളൂരു വിമാനത്താവളത്തിലേക്ക് വഴി തിരിച്ച് വിട്ടു. ഇവിടെ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ ഉൾപ്പെടെ വൈകുകയാണ്. തമിഴ്‌നാടിന് പുറമെ ഡൽഹി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മഴ ശക്തി പ്രാപിച്ചു. ഹിമാചലിൽ പലയിടങ്ങളിലും പ്രളയ സമാനമായ സാഹചര്യമാണ് ഉള്ളത്. മേഖലയിൽ അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതിശക്തമായ മഴയെ തുടർന്ന് ബ്രഹ്‌മപുത്ര നദി കരകവിഞ്ഞു. ഇവിടെ കരേരി തടാകത്തിൽ കുടുങ്ങിയ 26 പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. ബിപോർജോയ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ രാജസ്ഥാനിലും മഴ ശക്തിപ്രാപിച്ചു. രാജസ്ഥാൻറെ കിഴക്കൻ മേഖലയിൽ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മധ്യപ്രദേശിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









