ഭോപ്പാലിൽ നിന്നും ന്യൂഡൽഹിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. AI1886 നമ്പർ വിമാനത്തിലെ എഞ്ചിനിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൈലറ്റ് അടിയന്തിരമായി റൂട്ട് മാറ്റാൻ തീരുമാനിച്ചത്. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിൽ നിന്ന് രാവിലെ എട്ടരയോടെ പുറപ്പെട്ട വിമാനമാണ് യാത്രയ്ക്കിടയിൽ അടിയന്തിര സാഹചര്യ നേരിട്ടതിനെ തുടർന്ന് ജയ്പൂരിലേക്ക് മാറ്റിയത്.
വിമാനത്തിൽ 140 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് ഉടൻ തന്നെ ജയ്പൂർ എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെടുകയും ലാൻഡിംഗിന് അനുമതി തേടുകയും ചെയ്തു. തുടർന്ന് ജയ്പൂർ വിമാനത്താവളത്തിൽ താൽക്കാലികമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷാ ക്രമീകരണങ്ങളും ആംബുലൻസുകളും അഗ്നിശമന സേനാ വാഹനങ്ങളും സജ്ജമാക്കി നിർത്തി. മുന്നൊരുക്കങ്ങൾക്ക് ശേഷം രാവിലെ 9.40-ഓടെ വിമാനം ജയ്പൂരിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും എയർലൈൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനം ജയ്പൂരിൽ തന്നെ നിർത്തിയിട്ട് സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വിശദ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ജയ്പൂരിൽ ഇറങ്ങിയ യാത്രക്കാരെ മറ്റ് സംവിധാനങ്ങൾ വഴി എത്രയും വേഗം ഡൽഹിയിൽ എത്തിക്കാനുള്ള ബദൽ ക്രമീകരണങ്ങൾ എയർ ഇന്ത്യ പൂർത്തിയാക്കി വരുന്നു.










