പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് തുടക്കം. പതിനായിരക്കണക്കിന് ആളുകളാണ് തീർത്ഥാടന നഗരിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒഡീഷ സർക്കാർ ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ് ധർമേന്ദ്ര പ്രധാൻ എന്നിവർ ഇന്ന് പുലർച്ചെ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുമായി കൂടിക്കാഴ്ച നടത്തി.
രഥയാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രഥയാത്രയ്ക്ക് ആശംസകൾ അറിയിച്ചു. ഈ പുണ്യ അവസരത്തിൽ ഭഗവാൻ ജഗന്നാഥൻ ഏവരുടേയും ജീവിതത്തിൽ സന്തോഷവും അനുഗ്രഹങ്ങളും നിറയ്ക്കട്ടെ എന്ന് പ്രധാനമന്ത്രി കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരും രഥയാത്രയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ബലഭദ്രൻ, ദേവി സുഭദ്ര, ജഗന്നാഥൻ എന്നിവരുടെ രഥങ്ങൾ ശ്രീഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന അവസരത്തിൽ ഏകദേശം 10 ലക്ഷത്തോളം ആളുകൾ പുരിയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷൻ ചീഫ് അഡ്മിനിസ്ട്രേറ്റർ രഞ്ജൻ കുമാർ ദാസ് പറഞ്ഞു. രഥങ്ങൾ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ എത്തിച്ചിട്ടുണ്ട്. ജനത്തിരക്ക് കണക്കിലെടുത്ത് വലിയ തോതിൽ സുരക്ഷാ സേനയേയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ബീച്ച് പട്രോളിംഗിനായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും സജ്ജീകരിച്ചിട്ടുണ്ട്. ആഘോഷവുമായി ബന്ധപ്പെട്ട് 125 സ്‌പെഷ്യൽ ട്രെയിനുകളാണ് പുരിയിലേക്ക് സർവ്വീസ് നടത്താൻ പോരുന്നത്.










