ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ ഉച്ചകോടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ ലോകനേതാക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഇന്ത്യയുടെ നേതൃത്വത്തിൽ പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഉച്ചകോടി നടന്നത്. നേതാക്കളുടെ സജീവമായ പങ്കാളിത്തവും വിലയേറിയ നിർദ്ദേശങ്ങളും പങ്കാളിത്തത്തിന് കൂടുതൽ ആഴവും വ്യാപ്തിയും നൽകിയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഏകകണ്ഠമായി അംഗീകരിച്ച ‘ന്യൂഡൽഹി പ്രഖ്യാപനം’ ബ്രിക്‌സ് കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
മൂന്നാം പതിറ്റാണ്ടിലേക്ക് കടക്കുന്ന ബ്രിക്‌സിൽ നിന്നും വെറും പ്രതിജ്ഞകളോ ആശയങ്ങളോ മാത്രമല്ല, കൃത്യമായ ഫലങ്ങളാണ് ലോകം ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. വൻകിട ശക്തികൾ നിർണായക സാങ്കേതികവിദ്യകളെയും അത്യപൂർവ്വ ധാതുക്കളെയും ആയുധമാക്കുന്ന പ്രവണതയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം നിയന്ത്രണങ്ങൾ രാജ്യങ്ങളുടെ പങ്കാളിത്ത വളർച്ചയെയും ആഗോള പുരോഗതിയെയും തടസ്സപ്പെടുത്തുമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സാങ്കേതിക മുന്നേറ്റമാണ് ആവശ്യമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
ബ്രിക്സ് രാജ്യങ്ങളുടെ കരുത്ത് അവരുടെ വൈവിധ്യത്തിലും പരസ്പര സഹകരണത്തിലുമാണെന്ന് സമാപന പ്രസംഗത്തിൽ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ആഗോള തെക്കൻ രാജ്യങ്ങളുടെ (ഗ്ലോബൽ സൗത്ത്) ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞിട്ടുണ്ടെന്നും അവരുടെ അനുഭവങ്ങൾക്ക് ലോകം പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷത്തെ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ചൈനയ്ക്ക് തങ്ങളുടെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സമാപന പ്രസംഗം അവസാനിപ്പിച്ചത്.










