ഇംഫാൽ: മണിപ്പൂർ കലാപത്തിന് പിന്നിലെ പണമൊഴുക്ക് സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ. അക്രമികളുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. മണിപ്പൂരിൽ ആറ് മാസത്തിനിടെ നടന്ന ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകളെ കുറിച്ച് സാമ്പത്തിക ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. തൗബലിൽ നിന്നും അസം റൈഫിൾസ് കഴിഞ്ഞ ദിവസം ആയുധങ്ങൾ പിടികൂടിയിരുന്നു. വിദേശത്ത് നിന്നുള്ള പണം വരവ്, വിവിധ സംഘടനകൾക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങൾ എന്നിവയും അന്വേഷിക്കും.
പ്രാദേശിക നേതാക്കളുടേയും മണിപ്പൂരിലെ വിവിധ സംഘടനകളുടേയും ഉൾപ്പെടെ 150ഓളം അക്കൗണ്ടുകൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. അഞ്ച് ഓൺലൈൻ വാതുവയ്പ്പ് കമ്പനികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ രണ്ട് ഓൺലൈൻ കമ്പനികളെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്തിരുന്നു.
അതേസമയം കലാപവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ജൂലൈ 3ന് ശേഷം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കലാപബാധിത മേഖലകളിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
Discussion about this post