കായംകുളം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് പ്രവേശനം നേടിയ സംഭവത്തിൽ എംഎസ്എം കോളേജിനോട് വിശദീകരണം തേടി കേരള സർവ്വകലാശാല വിസി ഡോ.മോഹൻ കുന്നുമ്മേൽ. ബുധനാഴ്ച വൈകുന്നേരത്തിനുള്ളിൽ വിശദീകരണം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ കോളേജിൽ ഡിഗ്രി പഠിച്ച് തോറ്റ വിദ്യാർത്ഥിയാണ് നിഖിലെന്നും, സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാനുള്ള ബാധ്യത സർക്കാരിനാണെന്നും വിസി പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലയിലെ പ്രവേശന നടപടിക്രമങ്ങൾ. ഇക്കാര്യത്തിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പ്രിൻസിപ്പൽ ആണ് അതിന് ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിൽ നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പോലീസിന് മൊഴി നൽകി. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങൾ തേടിയത്. ഡിവൈഎസ്പി കേരള സർവ്വകലാശാലയിൽ നേരിട്ട് എത്തിയാണ് വിവരങ്ങൾ തേടിയത്.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ നിഖിൽ തോമസ് ഒളിവിൽ പോയി. നിഖിലിനെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിൻറെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നിഖിലിൻറെ ഒളിത്താവളം കണ്ടെത്താൽ വ്യാപക പരിശോധന നടക്കുകയാണെന്ന് പോലീസ് പറയുന്നു. ഇതിന്റെ ഭാഗമായി നിഖിലിൻറെ അടുത്ത സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു.
Discussion about this post