ന്യൂഡൽഹി : 2008 മുംബൈ ഭീകരാക്രമണത്തിലെ മുഖ്യകണ്ണി സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തടഞ്ഞ ചൈനയ്ക്ക് ചുട്ട മറുപടിയുമായി രാജ്യം. ആഗോളതലത്തിൽ ഭീഷണിയായ ഒരു ഭീകരകനെ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ ഈ വെല്ലുവിളിക്കെതിരെ പോരാടാനുള്ള ആഗ്രഹം നമുക്ക് ഇല്ലെന്ന് വിശ്വസിക്കുന്നതാണ് നല്ലതെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി.
”നിസ്സാരമായ രാഷ്ട്രീയ താത്പര്യങ്ങൾ കാരണം ഐക്യരാഷ്ട്രസഭ നിരോധിച്ച, ആഗോള തലത്തിൽ നിരോധിക്കപ്പെട്ട ഭീകരവാദികളെ നമുക്ക് കണ്ടെത്താനോ ശിക്ഷിക്കാനോ കഴിയുന്നില്ലെങ്കിൽ, ഈ വെല്ലുവിളിയെ ആത്മാർത്ഥമായി നേരിടാനുളള രാഷ്ട്രീയ ഇച്ഛാശക്തി നമുക്കില്ല എന്നാണ് വ്യക്തമാകുന്നത്” ഇന്ത്യ പറഞ്ഞു.
”ഇന്ത്യൻ അതിർത്തിക്കപ്പുറത്ത് നിന്ന് സായുധധാരികളായ പത്ത് അക്രമികൾ എത്തി മൂന്ന് ദിവസം കൊണ്ടാണ് രാജ്യത്ത് നാശം വിതച്ചത്. 166 നിരപരാധികളാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ 26 വിദേശ പൗരന്മാരും ഉൾപ്പെടുന്നു. എന്നാൽ ഇന്നും അവർക്ക് നീതി ലഭിച്ചിട്ടില്ല.
ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് ഒഴിവാക്കണം. ‘നല്ല തീവ്രവാദി, മോശം തീവ്രവാദി’ എന്ന ന്യായീകരണവും ആവശ്യമില്ല. തീവ്രവാദം തീവ്രവാദം തന്നെയാണ്. അത് ഒരിക്കലും ന്യായീകരിക്കാനാകില്ല” എന്നും ഇന്ത്യ തുറന്നടിച്ചു.
ലഷ്‌കർ ഇ ത്വായ്ബ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യകണ്ണിയുമായ സാജിദ് മിറിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് ഇന്ത്യയും യുഎസും ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശമാണ് ചൈന തടഞ്ഞത്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന ഭീകരനേതാവാണ് സാജിദ് മിർ. ഇയാളുടെ തലയ്ക്ക് അമേരിക്ക 5 മില്യൺ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസിൽ പാക് കോടതി ഇയാളെ 15 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
യുഎൻ രക്ഷാസമിതിയുടെ 1267 ലെ അൽ ഖ്വായ്ദ ഉപരോധ സമിതിക്ക് കീഴിൽ സാജിദ് മിറിനെ കരിമ്പട്ടികയിൽ പെടുത്താനും അയാളുടെ സ്വത്തുക്കൾ മരവിപ്പിക്കാനും, യാത്രാ നിരോധനം ഏർപ്പെടുത്താനും, ആയുധ പിടിച്ചുവെയ്ക്കാനുമാണ് യുഎസും ഇന്ത്യയും ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം ചൈന പൂർണമായും തടയുകയായിരുന്നു.








