വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡന്റേയും പ്രഥമവനിത ജിൽ ബൈഡന്റേയും പ്രത്യേക ക്ഷണപ്രകാരം വൈറ്റ്ഹൗസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടക്കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും. ജിൽ ബൈഡൻ, പ്രശസ്ത ഷെഫായ നീന കർട്ടിസ്, വൈറ്റ് ഹൗസിലെ സ്ഥിരം ഷെഫുമാർ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിന് വേണ്ടിയുള്ള പ്രത്യേക മെനു തയ്യാറാക്കിയത്.
മാദ്ധ്യമങ്ങൾക്ക് വേണ്ടി ഇന്ന് നടക്കുന്ന അത്താഴവിരുന്നിലെ വിഭവങ്ങളുടെ പ്രദർശനം വൈറ്റ് ഹൗസിൽ നടന്നു. ലെമൺ-ദിൽ യോഗർട്ട് സോസ്, ക്രിസ്പ്ഡ് മില്ലറ്റ് കേക്ക്, സമ്മർ സ്ക്വാഷസ്, മാരിനേറ്റഡ് മില്ലറ്റ് ആന്റ് ഗ്രിൽഡ് കോൺ കെന്നൽ സാലഡ്, കംപ്രസ്ഡ് വാട്ടർമെലൺ, ടാംഗി അവക്കാഡോ സോസ്, സ്റ്റഫ്ഡ് പോർട്ടൊബെല്ലോ മഷ്റൂംസ്, ക്രീമി സാഫ്രൺ-ഇൻഫ്യൂസ്ഡ് റിസോട്ടോ, റോസ് ആൻഡ് കാർഡമം-ഇൻഫ്യൂസ്ഡ് സ്ട്രോബറി ഷോർട് കേക്ക് എന്നീ വിഭവങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ശ്രമഫലമായി ഈ വർഷം അന്താരാഷ്ട്ര മില്ലറ്റ് വർഷമായിട്ട് ആഘോഷിക്കുകയാണ്. ഈ നീക്കത്തോടുള്ള ആദരസൂചകമായിട്ടാണ് മെനുവിൽ മില്ലറ്റ് വിഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഷെഫ് നീന കർട്ടിസ് പറഞ്ഞു. ഗ്രാമി ജേതാവായ ജോഷ്വ ബെല്ലിന്റെ പ്രകടനത്തോടെയാണ് സ്റ്റേറ്റ് ഡിന്നർ ആരംഭിക്കുന്നത്. പെൻസിൽവാനിയ സർവകലാശാലയിലെ ദക്ഷിണേഷ്യൻ അകാപെല്ല ഗ്രൂപ്പായ പെൻ മസാലയുടെ പ്രകടനവും വൈറ്റ്ഹൗസിൽ സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post