കണ്ണൂർ: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി. തൊപ്പിയുടെ വീഡിയോയിൽ അശ്ലീലവും സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങളുമാണ് വ്യാപാകമായി ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ലഭിച്ചിരിക്കുന്നത്. ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത് കുമാർ അന്വേഷണം ആരംഭിച്ചു.
തൊപ്പിയുടെ യൂട്യൂബ് ചാനലിന് ആറ് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. ഈ സാഹചര്യത്തിൽ നിരന്തം അശ്ലീല പരാമർശവും സ്ത്രീവിരുദ്ധതയും ഉൾപ്പെടുന്ന വീഡിയോകൾ പങ്കുവയ്ക്കുന്നത് കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അതുകൊണ്ടുതന്നെ ഇതിനെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.
അടുത്തിടെ തൊപ്പിയുടെ വീഡിയോകൾക്കെതിരെ ഒരു സംഘം അദ്ധ്യാപകർ രംഗത്ത് എത്തിയിരുന്നു. അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോകൾ കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ധ്യാപകർ രംഗത്ത് എത്തിയത്. ഇതിന് പിന്നാലെയാണ് ഡിജിപിയ്ക്ക് തൊപ്പിയെക്കുറിച്ച് പരാതി ലഭിക്കുന്നത്.
അതേസമയം പൊതുജനമദ്ധ്യത്തിൽ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ തൊപ്പിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. വളാഞ്ചേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു ഇയാൾ അശ്ലീല പരാമർശങ്ങൾ നടത്തിയത്. ഇതിന് പുറമേ ഗതാഗത തടസ്സം ഉണ്ടാക്കുകയും ചെയ്തിരുന്നു.








