ഭുവനേശ്വര്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം രാഷ്ട്രപതിസ്ഥാനം രാജിവെക്കാനൊരുങ്ങിയെന്ന് വെളിപ്പെടുത്തല്‍. 2005-ല്‍ ബിഹാര്‍ നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള കലാമിന്റെ പ്രഖ്യാപനം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്നായിരുന്നു കലാം ഇക്കാര്യം ആലോചിച്ചത്.
നിയമസഭ പിരിച്ചുവിടുന്നതിന് കലാം വ്യക്തിപരമായി എതിരായിരുന്നു. അതുകൊണ്ടുതന്നെ സുപ്രീംകോടതിവിധിയെത്തുടര്‍ന്ന് അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നുവെന്നും
അക്കാലത്ത് കലാമിന്റെ പ്രസ് സെക്രട്ടറിയും രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഇന്ത്യയുടെ ഇപ്പോഴത്തെ ഡയറക്ടറുമായ എസ്.എം. ഖാന്‍ വെളിപ്പെടുത്തി. ഭുവനേശ്വറിലെ എസ്.ഒ.എ. സര്‍വകലാശാലയില്‍ നടന്ന പ്രഭാഷണത്തിലാണ് അന്നത്തെ സംഭവങ്ങള്‍ എസ്എം ഖാന്‍ ഓര്‍ത്തെടുത്തത്
2005 ഫിബ്രവരിയില്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. 115 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിയായിരുന്നു ഏറ്റവും വലയി കക്ഷി. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി. അവകാശവാദമുന്നയിക്കുകയും ചെയ്തു. എന്നാല്‍, ഗവര്‍ണറായിരുന്ന ഭൂട്ടാസിങ് ഇതു തള്ളുകയായിരുന്നു. മെയ് 21ന് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശചെയ്യുകയും ചെയ്തു. പിറ്റേദിവസംതന്നെ യു.പി.എ.യുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ യോഗംചേര്‍ന്ന് ശുപാര്‍ശ അംഗീകരിച്ചു. ഇതിനുശേഷം രാഷ്ട്രപതിയായിരുന്ന കലാമിന്റെ പരിഗണനയ്ക്കുവിടുകയായിരുന്നു. മോസ്‌കോയിലായിരുന്ന കലാമിന് നിയമസഭ പിരിച്ചുവിടുന്നതിനോട് വിയോജിപ്പായിരുന്നു. തീരുമാനത്തിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് രാമേശ്വരത്തുള്ള മൂത്ത സഹോദരനോടുവരെ അദ്ദേഹം ഇക്കാര്യം ചര്‍ച്ചചെയ്തു. ഒടുവില്‍ ഭരണഘടനാ പ്രതിസന്ധിക്കിടയാക്കരുത് എന്ന ഉദ്ദേശ്യത്തോടെ നിയമസഭ പരിച്ചുവിടുകയായിരുന്നുവെന്ന് ഖാന്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ ഇതിനെതിരെ സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ കലാം രാജിയെക്കുറിച്ചു ചിന്തിച്ചു. എന്നാല്‍ പിന്നീട് പിന്‍വാങ്ങുകയുമായിരുന്നുവെന്നും ഖാന്‍ പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കി 2007 ജൂലായിലാണ് കലാം രാഷ്ട്രപതിസ്ഥാനം ഒഴിഞ്ഞത്.
Discussion about this post