വാഷിംഗ്ടൺ: ഗൂഗിൾ ഫിൻടെക് സെന്റർ ഗുജറാത്തിൽ തുറക്കുമെന്ന് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നായ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനേയും അദ്ദേഹം പ്രശംസിച്ചു.
” ഈ ചരിത്രപരമായ യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിലേക്ക് ഗൂഗിൾ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഗൂഗിളിന്റെ ഗ്ലോബൽ ഫിൻടെക് ഓപ്പറേഷൻ സെന്റർ ആരംഭിക്കുമെന്നും” സുന്ദർ പിച്ചൈ പറയുന്നു.
ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സമയത്തെക്കാൾ ഏറെ മുന്നിലായിട്ടാണ് സഞ്ചരിക്കുന്നതെന്നും സുന്ദർ പിച്ചൈ പറയുന്നു. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലാണ് അല്ലെങ്കിൽ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി എന്ന ഗിഫ്റ്റ് സിറ്റി ഉള്ളത്. ഇവിടെ ഗൂഗിൾ ഫിൻടെക് സെന്റർ തുടങ്ങുമെന്നാണ് പ്രഖ്യാപനം.








