ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ വികസ്വര രാജ്യങ്ങൾ അഥവാ ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് രംഗത്തെത്തി. വലിയ ആഗോള മാറ്റങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ആഗോള സുസ്ഥിരത ഉറപ്പാക്കാൻ ബ്രിക്‌സ് രാജ്യങ്ങൾ ചരിത്രപരമായ ഈ സന്ദർഭം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വികസ്വര രാജ്യങ്ങളുടെ ശാക്തീകരണത്തിനും വികസന സഹകരണത്തിനുമായി അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് ഷി ജിൻപിങ് ചർച്ചയിൽ മുന്നോട്ടുവെച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), വ്യാപാര-നിക്ഷേപ സൌകര്യങ്ങൾ, ഡിജിറ്റൽ വ്യവസായം, സ്മാർട്ട് മാനുഫാക്ചറിംഗ്, തൊഴിൽ നൈപുണ്യ വികസനം എന്നീ അഞ്ച് മേഖലകളെ കേന്ദ്രീകരിച്ചാണ് ചൈനയുടെ പുതിയ പദ്ധതികൾ. ചില ശക്തികേന്ദ്രങ്ങൾ മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി ഉപേക്ഷിച്ച് എല്ലാ രാജ്യങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങളിലും നിയമനിർമ്മാണത്തിലും തുല്യ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാരമ്പര്യ വ്യവസായങ്ങളെ ആധുനികീകരിക്കാനും വളർന്നുവരുന്ന പുതിയ സാങ്കേതികവിദ്യകളുടെ പ്രയോജനം എല്ലാ രാജ്യങ്ങളിലും എത്തിക്കാനും ബ്രിക്‌സ് കൂട്ടായ്മ മുന്നിൽ നിൽക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചട്ടങ്ങൾ അധിഷ്ഠിതമായ അന്താരാഷ്ട്ര ക്രമം നിലനിർത്തുന്നതിൽ വികസ്വര രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഷി ജിൻപിങ് ഓർമ്മിപ്പിച്ചു. പരമാധികാര സമത്വം, ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ ഒഴിവാക്കൽ, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവയ്ക്ക് മുൻഗണന നൽകണം. വികസ്വര രാജ്യങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആഗോളതലത്തിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന നിർദ്ദേശങ്ങൾക്ക് അംഗരാജ്യങ്ങളിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്.








