തിരുവനന്തപുരം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എം.പി. വ്യവസായികൾ കേരളം വിട്ട് പോവുകയാണ്. 0.5 ശതമാനം എഫ്ഡിഐ നിക്ഷേപം മാത്രമാണ് കേരളത്തിൽ ലഭിക്കുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 28-ാം സ്ഥാനത്താണ്. കേരളം ഇന്ന് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവാക്കൾക്ക് മറ്റ് നാടുകളിലേക്ക് ജോലി അന്വേഷിച്ച് പോകേണ്ട അവസ്ഥയാണ്. കേരളത്തിൽ വ്യവസായം നടത്താൻ ഭരണകൂടം സമ്മതിക്കുന്നില്ല. തിരുവാർപ്പിൽ രാജ്‌മോഹന് നേരെ നടന്ന സിപിഎം നേതാവിന്റെ ആക്രമണവും, മഹാരാജാസ് കോളേജിന് മുന്നിൽ എസ്എഫ്‌ഐക്കാർ ബസ് കണ്ടക്ടറെ ആക്രമിച്ച സംഭവവും, കൊച്ചിയിലെ സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് നേരെ നടന്ന ആക്രമണവുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഈ സംഭവങ്ങളൊന്നും സർക്കാർ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും കേരളത്തിൽ ബിസിനസ് നടത്താൻ ആരാണ് വരിക എന്നും അദ്ദേഹം ചോദിച്ചു.
കിറ്റക്‌സ് ഉൾപ്പെടെ നിരവധി കമ്പനികൾ കേരളം വിട്ട് പോയി. ബിഎംഡബ്ല്യു കേരളത്തിൽ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും പ്രതികകൂല സാഹചര്യങ്ങൾ മനസിലാക്കിയതോടെ അവരും പിന്മാറി. എന്തുകൊണ്ടാണ് കേരളത്തിലേക്ക് ആരും വരാത്തത് എന്ന് അദ്ദേഹം ചോദിച്ചു. സ്വകാര്യ സംരംഭങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരളം പരാജയപ്പെടുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ ജോലി ലഭിക്കാത്തത് കൊണ്ട് യുവാക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്യ രാജ്യങ്ങളിലേക്കും ജോലി അന്വേഷിച്ച് പോവുകയാണ്. ഇന്ന് 30 ലക്ഷത്തോളം യുവാക്കളാണ് കേരളം വിട്ട് പോകുന്നത്. 2030 ഓടെ ഇത് 60 ലക്ഷമാകും. ഇത് പ്രാധാന്യമേറിയ കാര്യമാണെന്നും ഉടൻ ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചു. ഇത് ബിജപി നിർമ്മിച്ചതല്ലെന്നും ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുളളതാണ് അദ്ദേഹം പറഞ്ഞു. ഇത് മതപരമായ വിഷയമല്ല, ജനങ്ങളുടെ സമത്വവുമായി ബന്ധപ്പെട്ട വിഷയമാണ്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കാൻ പറയുമ്പോൾ മുസ്ലീം ലീഗ് അതിനെ എതിർക്കുകയാണ്. സിപിഎമ്മും സിപിഐയും ഇതിനെ ആദ്യം പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ അവരതിനെ എതിർക്കുന്നു.
ഗോവയിലും പുതുച്ചേരിയിലും ഏകീകൃത സിവിൽ കോഡ് വർഷങ്ങളായി നടപ്പിലാക്കുന്നുണ്ട്. അവിടുത്തെ മുസ്ലീങ്ങൾ ഈ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിലും ബംഗ്ലാദേശിലും ഇന്തോനേഷ്യയിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നുണ്ടെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
Discussion about this post