ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങൾ അതിവേഗത്തിലാക്കി ഉത്തരാഖണ്ഡ് സർക്കാർ. നിയമത്തിന്റെ കരട് രേഖ തയ്യാറാക്കി. റിട്ട ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ആണ് ഇതുമായി ബന്ധപ്പെട്ട വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. നിയമത്തിന്റെ കരട് രൂപം തയ്യാറാക്കാനായി സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയുടെ മേധാവിയാണ് രഞ്ജന ദേശായി.
സർക്കാരിന്റെ നിർദ്ദേശാനുസരണം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായുള്ള നിയമത്തിന്റെ കരട് രേഖ പൂർത്തിയായി. ഇത് ഉടൻ സർക്കാരിന് മുൻപാകെ സമർപ്പിക്കും. വിദഗ്ധാഭിപ്രായവും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് നിയമത്തിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ നിയമങ്ങളും സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നും രഞ്ജന ദേശായി വ്യക്തമാക്കി.
നിയമത്തിന്റെ കരട് രേഖ പൂർത്തിയായ വിവരം മാദ്ധ്യമങ്ങളെ അറിയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അടുത്ത ദിവസം കരട് രേഖയുടെ പ്രിന്റ് എടുക്കും. ശേഷം തൊട്ടടുത്ത ദിവസം തന്നെ സർക്കാരിന് മുൻപാകെ സമർപ്പിക്കുമെന്നും രഞ്ജന ദേശായി കൂട്ടിച്ചേർത്തു.
Discussion about this post