ലക്‌നൗ: ഫ്രാൻസിൽ യുവാവ് പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. 24 മണിക്കൂറിനുള്ളിൽ കലാപം നിയന്ത്രിക്കാനായി യോഗി ആദിത്യനാഥിനെ ഫ്രാൻസിലേക്ക് അയക്കണമെന്ന് ആയിരുന്നു ട്വീറ്റ്.
എന്നാൽ വൈറൽ ട്വീറ്റിൽ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് യോഗി ആദിത്യനാഥിന്റെ ഓഫീസ്. ലോകത്തിന്റെ ഏതൊരു ഭാഗത്തും തീവ്രവാദമോ കലാപങ്ങളോ അരാജകത്വമോ ക്രമസമാധാന തകർച്ചയോ ഉണ്ടാകുമ്പോൾ ഉത്തർപ്രദേശിൽ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ പരിവർത്തനാത്മകമായ യോഗി മാതൃകക്കായി ആഗ്രഹിക്കുന്നു എന്നാണ് യോഗി ആദിത്യനാഥിന്റെ ഓഫീസ് ട്വീറ്റ് ചെയ്തത്.
ചൊവ്വാഴ്ച 17 കാരനായ നഹെലിനെ ഗതാഗത നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് വെടിവച്ചതിന് ശേഷം ഫ്രാൻസ് വൻ കലാപത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ അവസരത്തിലാണ് യോഗി ആദിത്യനാഥിന് ഫ്രാൻസിലെ കലാപം 24 മണിക്കൂറിനുള്ളിൽ നിയന്ത്രിക്കാനാകുമെന്ന രീതിയിലുള്ള ട്വീറ്റുകളും ഉയർന്നുവന്നത്.
സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന പ്രൊഫസർ എൻ ജോൺ കാം എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടാണ് ട്വീറ്റ് പോസ്റ്റ് ചെയ്ത ഒരു പ്രമുഖ ട്വിറ്റർ ഉപയോക്താവ്.









