ഇംഫാൽ: മണിപ്പൂരിൽ നിലവിൽ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ ഇടപെടലുണ്ടെന്ന് മുഖ്യമന്ത്രി എൻ ബിരേൺ സിംഗ്. വ്യക്തമായ ആസൂത്രണത്തിന് പിന്നാലെയാണ് അക്രമികൾ കലാപം അഴിച്ചുവിട്ടത്. ഇത് അവസാനിപ്പിച്ച് സംസ്ഥാനത്തെ ക്രമസമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികൾ ശക്തമായി തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിൽ നിരവധി പേരുടെ ജീവനെടുത്ത കലാപത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടെന്നാണ് സൂചന. നിലവിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ കൃത്യവും വ്യക്തവുമായ ആസൂത്രണം ഉണ്ട്. ചൈന, മ്യാൻമർ എന്നീ രാജ്യങ്ങളുടെ സമീപത്തായാണ് മണിപ്പൂരുള്ളത്. ഇവിടെ നിന്നുള്ള ശക്തികൾ സംസ്ഥാനത്ത് അരങ്ങേറുന്ന കലാപത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കണക്കാക്കാമെന്നും ബിരേൺ സിംഗ് പറഞ്ഞു.
അക്രമങ്ങൾ പ്രതിരോധിക്കാനായി സുരക്ഷാ സേനയെ സംസ്ഥാന വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. വിസ്തൃതമായ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിക്കുന്നതിൽ പരിമിതിയുണ്ട്. എങ്കിലും പ്രായോഗികമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. കലാപങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് പറയാം. കലാപത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമല്ല.
സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാനുള്ള എല്ലാ നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം കുകി വിഭാഗത്തിലെ അംഗങ്ങളുമായി സംസാരിച്ചിരുന്നു. ഏത് വിധേനയും സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post