തൃശ്ശൂർ: പനിബാധിച്ച് ഇലത്താള കലാകാരൻ മരിച്ചു. ചെറുശ്ശേരി ശ്രീകുമാർ (41) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്നലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇതേ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായി. ഇതോടെ മരണം സംഭവിക്കുകയായിരുന്നു.
ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ് ശ്രീകുമാർ. തൃശൂർ, ആറാട്ടുപുഴ, തൃപ്രയാർ, കൂടൽ മാണിക്യം, തൃപ്പുണിത്തുറ, ഉത്രാളിക്കാവ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാർ.












