ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് പ്രാദേശിക ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കും. റാപ്പിഡെക്‌സ് എന്ന് പേരു നൽകിയിരിക്കുന്ന സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ട്രെയിൻ സർവീസ് നടത്താനുള്ള സുരക്ഷ അനുമതി മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറിൽ നിന്ന് ലഭ്യമായതോടെയാണ് സർവീസ് ആരംഭിക്കുന്നത്.
രാജ്യതലസ്ഥാനത്ത് മുൻഗണന നൽകിയ 17 കിലോമീറ്ററിലാണ് സർവീസ് നടത്തുക. സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നിവയാണ്ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയുടെ ആദ്യ ഘട്ടത്തിലുള്ള സ്റ്റേഷനുകൾ.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ആയിരിക്കും ട്രെയിനുകൾ പ്രവർത്തിക്കുക. പൂർണമായും ഇതേ വേഗതയിൽ സഞ്ചരിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിൻ സർവീസ് ആയിരിക്കും ഇത്.
ഇതിന് പുറമേ സാഹിബാബാദിൽ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെയുള്ള 42 കിലോമീറ്റർ പാതയും പൂർത്തിയായിട്ടുണ്ട്. താമസിയാതെ ഈ പാതയിലും സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
2019 ജൂണിലാണ് നിർമ്മാണം ആരംഭിച്ചത്. 82.15 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. മീററ്റ് മെട്രോ സർവീസും കൂടി ചേർത്ത് 2025 ജൂണിൽ പദ്ധതി പൂർത്തിയാകും. 30,274 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ്.
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി), ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി), ന്യൂ ഡെവലപ്മെന്റ് ബാങ്ക് (എൻഡിബി) എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ട്രെയിനിൽ എൺപതിനായിരത്തിലധികം പ്രതിദിന യാത്രക്കാരുണ്ടാകുമെന്നാണ് നിഗമനം. എന്നാൽ യാത്രക്കൂലി മാത്രം കൊണ്ട് സർവീസ് ലാഭകരമാകില്ല. പരസ്യവരുമാനമുൾപ്പെടെ മറ്റ് സാദ്ധ്യമായ മാർഗ്ഗങ്ങളിൽകൂടി ധനസമ്പാദനം നടത്തി യാത്രക്കൂലി താങ്ങാൻ കഴിയുന്നതാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
Discussion about this post