ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ കേസിൽ കുടുക്കുമെന്ന ഭീഷണി; കേരള പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയെന്ന് പത്രപ്രവർത്തക യൂണിയൻ

Published by
Brave India Desk

കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ മാദ്ധ്യമവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് നടത്തിയ റെയ്ഡിൽ വ്യാപക പ്രതിഷേധം. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത രീതിയിലാണ് പോലീസ് നടപടിയെന്ന് കെയുഡബ്ല്യുജെ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

സ്ഥാപന ഉടമ ഷാജൻ സ്‌കറിയക്ക് എതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പോലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈൽ അടക്കം പോലീസ് പിടിച്ചെടുത്തതായും യൂണിയൻ ചൂണ്ടിക്കാട്ടി.

മറുനാടൻ മലയാളിക്കും അതിന്റെ ഉടമ ഷാജൻ സ്‌കറിയക്കും എതിരെ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണം എന്നു തന്നെയാണ് യൂണിയൻ നിലപാട്. മറുനാടൻ മലയാളിയുടെ മാദ്ധ്യമരീതിയോട് യൂണിയന് യോജിപ്പും ഇല്ല. എന്നാൽ ഉടമയ്ക്ക് എതിരായ കേസിന്റെ പേരിൽ അവിടെ തൊഴിൽ എടുക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് യൂണിയൻ പ്രസിഡന്റ് എംവി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും വ്യക്തമാക്കി.

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ ഒന്നാകെ കേസിൽ കുടുക്കുമെന്ന ഭീഷണി കേരള പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.

Share
Leave a Comment

Recent News