ന്യൂഡൽഹി : സാഫ് കപ്പ് ഫുട്‌ബോളിൽ ചാമ്പ്യന്മാരായിക്കൊണ്ട് ഇന്ത്യൻ ഫുട്‌ബോൾ ടീം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ്. നിശ്ചിത സമയത്തിനുള്ള ഓരോ ഗോൾ വീതം ഇരു ടീമുകളും നേടിയതോടെ പെനാൽട്ടി ഷൂട്ട്ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്.
ഇതിന് പിന്നാലെ മണിപ്പൂരിൽ നിന്നുള്ള ഫുട്ബോൾ താരം ജീക്സൺ സിംഗ് ചെയ്ത പ്രവൃത്തി വ്യാപക വിമർശനങ്ങൾക്ക് വഴിവെക്കുകയാണ്. ജീക്സൺ സിംഗ് മെയ്തി പതാക പുതച്ചാണ് സാഫ് കപ്പ് മെഡൽദാന ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിലെ ഡിഫൻസീവ് മിഡ്ഫീൽഡറാണ് ജീക്‌സൺ സിംഗ്. മണിപ്പൂരിലെ തൗബാൽ സ്വദേശിയാണ്.
മെയ്തി വംശത്തിലെ ഏഴ് വംശ രാജവംശങ്ങളെ പ്രതിനിധീകരിക്കുന്ന സപ്തവർണ്ണ പതാകയാണ് കാംഗ്ലീപാക്ക് പതാക (സലൈ ടാരെറ്റ് പതാക). മണിപ്പൂരിൽ ഏറെ നാളായി മെയ്തി കുക്കി വംശജർ തമ്മിൽ സംഘർഷം നടക്കുകയാണ്. ഇതിനിടെയാണ് മെയ്തി വംശജർക്ക് പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ട് ജീക്സൺ സിംഗ് ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലൂടെ പതാക പുതച്ച് നടന്നത്.
മെയ്തി പതാക പുതച്ചുകൊണ്ട് താരം ഗ്രൗണ്ടിലൂടെ നടക്കുകയും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഫുട്‌ബോൾ താരത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.










