കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും കൈക്കലാക്കിയ പാകിസ്താൻ സ്വദേശിയായ സ്ത്രീയും മകനും പോലീസിന്റെ പിടിയിലായി. ഫറാ നാസ്, മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് അറസ്റ്റിലായത്. യുഎഇയിൽ ജോലി ചെയ്തിരുന്ന ബാഗേപ്പള്ളി സ്വദേശിയായ മുഹമ്മദ് അയൂബ് ഖാൻ എന്ന ഇന്ത്യക്കാരൻ അവിടെ വെച്ച് പാകിസ്താൻ പൗരത്വമുള്ള ഫറാ നാസിനെ വിവാഹം കഴിക്കുകയായിരുന്നു. ഈ ദമ്പതികൾക്ക് നാല് കുട്ടികളാണുള്ളത്.
ഇതിൽ മകൻ മുഹമ്മദ് ഫർദീൻ ജനിച്ചത് പാകിസ്താനിലാണ്. അയൂബ് ഖാനും മറ്റ് മൂന്ന് കുട്ടികളും ഇന്ത്യൻ പൗരന്മാരാണെങ്കിലും ഫറാ നാസും മുഹമ്മദ് ഫർദീനും പാകിസ്താൻ പൗരന്മാരായി തുടരുകയായിരുന്നു. ചിക്കബല്ലാപ്പൂർ പോലീസ് ആവശ്യപ്പെട്ട വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ രേഖകൾ പരിശോധിക്കുകയും, യഥാർത്ഥ പൗരത്വം മറച്ചുവെച്ചാണ് കാർഡ് നേടിയതെന്ന് വ്യക്തമായതോടെ ഇവരുടെ റേഷൻ കാർഡ് റദ്ദാക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ ബന്ധപ്പെട്ട അധികാരികൾ ഇവരുടെ വോട്ടർ ഐഡിയും റദ്ദാക്കി. ബാഗേപ്പള്ളി തഹസിൽദാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫറാ നാസിനും മുഹമ്മദ് ഫർദീനുമെതിരെ ഭാരതീയ ന്യായ സംഹിത ഫോറിനേഴ്സ് ആക്ട്, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.










