എറണാകുളം: കൊച്ചി നഗരമദ്ധ്യമത്തിൽ യുവാവിനെ കുത്തിക്കൊന്നു. തമിഴ്‌നാട് സ്വദേശി സാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി റോബിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.
ഭിക്ഷ യാചിക്കുന്നവർ തമ്മിലുള്ള സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. പ്രതി റോബിൻ മട്ടാഞ്ചേരി സ്വദേശിയാണ്. സാബുവിനെ കൊലപ്പെടുത്തിയ ശേഷം റോബിൻ പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ടൗൺ നോർത്ത് സ്‌റ്റേഷനിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. പിന്നീട് ഇയാളെ സെൻട്രൽ പോലീസിന് കൈമാറുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇത് ബന്ധുക്കൾക്ക് കൈമാറും. റോബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.












