കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമങ്ങൾ തുടരുന്നു. പ്രശ്നബാധിതമായ കുച്ച്ബിഹാറിലെ ഫാലിമാരിയിൽ ബിജെപി വനിതാ സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റ് കൊല്ലപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി മായ ബർമന്റെ ബൂത്ത് ഏജന്റ് മാധവ് വിശ്വാസ് ആണ് കൊല്ലപ്പെട്ടത്.
തന്നെ ആക്രമിക്കുന്നത് തടയാനെത്തിയ മാധവിനെ തൃണമൂൽ ഗുണ്ടകൾ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു എന്ന്, ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മായ ബർമൻ മൊഴി നൽകി. കൊലപാതകത്തെ തുടർന്ന് ഇവിടെ പോളിംഗ് നിർത്തിവെച്ചു.
സമാനമായ മറ്റൊരു സംഭവത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനയിലെ പീർഗാച്ചയിൽ, അബ്ദുള്ള എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ സ്ഥാനാർത്ഥി മുന്ന ബീബിയുടെ ഭർത്താവും ഗുണ്ടാസംഘവുമാണെന്ന് ആക്രമണത്തിൽ പരിക്കേറ്റ സ്ഥാനാർത്ഥി ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂൺ 9 മുതൽ ഇതുവരെ 24 പേരാണ് വിവിധ അക്രമ സംഭവങ്ങളിൽ ബംഗാളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 പേർക്കാണ് ജീവഹാനി സംഭവിച്ചത്.












