ചെന്നൈ:ചരിത്രത്തിലാദ്യമായി ഹിന്ദു ദിനപത്രത്തിന്റെ ചെന്നൈ എഡിഷന്‍ ഇന്ന് പ്രസിദ്ധീകരിച്ചില്ല. കനത്തമഴയെത്തുടര്‍ന്നാണ് 137 വര്‍ഷത്തെ പാരമ്പര്യമുള്ള പത്രത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ന് ദ ഹിന്ദു പ്രസിദ്ധീകരിക്കാതിരുന്നത്.
ജീവനക്കാര്‍ക്ക് പ്രസിലെത്താന്‍ കഴിയാത്തതിനാലും പത്രവിതരണക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് പത്രം ഇന്ന് പ്രസിദ്ധീകരിക്കാതിരിക്കുന്നതെന്ന് ഹിന്ദുവിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. നഗരത്തില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ഹിന്ദുവിന്റെ മാരായിമാലൈംഗറിലുള്ള പ്രസ് കനത്ത മഴയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ചെന്നൈ എഡിഷനു പുറമെ തിരുപ്പതി, ആന്ധ്രാപ്രദേശ്, വെല്ലൂര്‍, പുതുച്ചേരി എഡിഷനുകളും ഇന്ന് പ്രസിദ്ധീകരിച്ചിട്ടില്ല. 1878ല്‍ സ്ഥാപിതമായ പത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ദ് ഹിന്ദുവിന്റെ ചെന്നൈ എഡിഷന്‍ പുറത്തിറങ്ങാതിരിക്കുന്നത്. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യം ആദ്യമായാണ് ലംഘിക്കപ്പെടുന്നത്. അതേസമയം, വായനക്കാരുടെ സൗകര്യാര്‍ഥം പത്രത്തിന്റെ ചെന്നൈ എഡിഷന്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയ്ക്കാണ് ചെന്നൈ നഗരം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ നഗരത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മറ്റ് പ്രധാന പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവ പതിവുപോലെ ഇന്നു പുറത്തിറങ്ങി. കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ചൈന്നൈ വിമാനത്താവളവും ചരിത്രത്തിലാദ്യമായി അടച്ചിരുന്നു.
Discussion about this post