തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവെറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം മുഴുവൻ കോപ്പിയടിയെന്ന് കണ്ടെത്തൽ. പ്രബന്ധത്തിന്റെ 60 ശതമാനത്തിന് മുകളിലും മറ്റെവിടെ നിന്നെങ്കിലും കോപ്പിയടിച്ചിട്ടുണ്ട്. ഇതിനെ ലവൽ 3 കോപ്പിയടി ആയാണ് കണക്കാക്കുന്നത്.
‘കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ മാദ്ധ്യമ പഠന രീതിയുടെ ഫലപ്രാപ്തി’ എന്നതാണ് രതീഷിന്റെ വിഷയം. രതീഷ് കാളിയാടൻ കോപ്പിയടിച്ചുവെന്ന് സ്ഥിരീകരിച്ചാൽ ജോലിയിൽ നിന്ന് പുറത്താക്കും. പ്രബന്ധം പിൻവലിക്കുകയും വഞ്ചനാക്കുറ്റം ചുമത്തി നടപടി സ്വീകരിക്കുകയും ചെയ്യാം.
എംജി സർവകലാശാല വിദ്യാർത്ഥിയായിരുന്നു രതീഷ്. അസം സർവകലാശാലയിലാണ് രതീഷ് ഗവേഷണത്തിന് രജിസ്റ്റർ ചെയ്തത്. അവിടുത്തെ വിദഗ്ധർ പരിശോധിച്ച ശേഷമാണ് പിഎച്ച്ഡി നൽകിയത് എന്നാണ് രതീഷ് പറയുന്നത്. എന്നാൽ രതീഷിന്റെ സുഹൃത്ത് ആർ.വി.രാജേഷ് മൈസൂർ സർവകലാശാലയിൽ പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധത്തിൽ നിന്ന് കോപ്പിയടിച്ചതാണ് ഇത് എന്നാണ് ആരോപണം. ഇതിന് വ്യക്തമായ മറുപടി രതീഷ് നൽകിയിട്ടില്ല.
പ്രബന്ധത്തിലെ അഞ്ച് അദ്ധ്യായങ്ങളിൽ 62-95 ശതമാനം വരെ കോപ്പിയടിയുണ്ടെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ആരോപിക്കുന്നത്. അക്ഷരത്തെറ്റ് പോലും ആവർത്തിക്കപ്പെട്ടുവെന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post