കോഴിക്കോട്: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി സ്‌കൂളുകൾ. തെരുവ്‌നായക്കൾ ഏറ്റവും അക്രമാസക്തരായ കൂത്താളി പഞ്ചായത്തിലെ ആറു സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. തെരുവിൽ അലഞ്ഞ് ആളുകളെ ആക്രമിക്കുന്ന നായ്ക്കളെ പിടികൂടാനാവാത്ത സാഹചര്യത്തിലാണ് അവധി. അങ്കണവാടികൾക്കും അവധി ബാധകമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ഭആഗമായ പണികളും നിർത്തിവച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് മാത്രം കൂത്താളിയിൽ നാല് പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിന് പിന്നാലെയാണ് സുരക്ഷ മുൻനിർത്തി അവധി പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാവുകയാണ്. ഇന്നലെയും നാല് വയസുകാരിയെ തെരുുനായ കടിച്ചുപറിച്ചിരുന്നു.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.












