ന്യൂഡൽഹി/ തിരുവനന്തപുരം: അപകീർത്തി കേസിൽ സർക്കാർ വേട്ടയാടുന്ന മാദ്ധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയയ്ക്ക് വേണ്ടി നിയമ പോരാട്ടത്തിനൊരുങ്ങുന്നത് സുപ്രീകോടതിയിലെ മുതിർന്ന അഭിഭാഷകർ. മുതിർന്ന അഭിഭാഷകരായ സിദ്ധാർത്ഥ് ലൂതറ, ദുഷ്യന്ത് ദാവെ എന്നിവരടങ്ങുന്ന സംഘമാണ് ഷാജൻ സ്‌കറിയയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുക എന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ നിർണായകമായ നിയമ പോരാട്ടത്തിനാകും സുപ്രീംകോടതി സാക്ഷ്യം വഹിക്കുക.
അപകീർത്തി കേസിൽ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും. ഇതിനാണ് അദ്ദേഹത്തിന് വേണ്ടി മുതിർന്ന അഭിഭാഷക നിര ഹാജരാകുന്നത്. സിദ്ധാർഥ് ലൂതറ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ആണ്. രാജ്യത്തെ മുൻ നിര ക്രിമിനൽ അഭിഭാഷകരിൽ ഒരാളാണ്. മലയാളികൾക്ക് പരിചയപെടുത്തൽ ആവശ്യമില്ലാത്ത അഭിഭാഷകനാണ് ദുഷ്യന്ത് ദാവെ.
അതേസമയം ഷാജൻ സ്‌കറിയയെ പൂട്ടാനും വൻ നീക്കങ്ങളാണ് സർക്കാരിന്റെയും അപകീർത്തി കേസിലെ പരാതിക്കാരനായ പി.വി ശ്രീനിജൻ എംഎൽഎയുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെങ്കിലും സംസ്ഥാന സർക്കാരും ഇന്ന് ഹാജരാകും. സാജൻ സ്‌കറിയക്കെതിരെ മുൻ സോളിസിറ്റർ ജനറലും പ്രമുഖ ക്രിമിനൽ അഭിഭാഷകനും ആയ രഞ്ജിത് കുമാറിനെയാണ് സർക്കാർ കളത്തിലിറക്കുന്നത്. ഷാജൻ സ്‌കറിയക്ക് എതിരായ പരാതിക്കാരൻ പി വി ശ്രീനിജിന് വേണ്ടിയും ഇന്ന് സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകരാകും ഹാജരാകുക. സീനിയർ അഭിഭാഷകൻ വി ഗിരി ഹാജരായേക്കും എന്നാണ് സൂചനകൾ.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജസ്റ്റിസ് പി എസ് നരസിംഹയും ഈ ബെഞ്ചിൽ ഉൾപ്പെടുന്നു.








