ന്യൂഡൽഹി : രാജ്യത്തെ മുസ്ലീം ജനതയുടെ സ്ഥാനം വളരെ സവിശേഷമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. നൂറ്റാണ്ടുകളായി ഐക്യത്തോടെ നിലനിൽക്കുന്ന സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. ഇവിടെ സുപ്രധാനവും അഭിമാനകരവുമായ സ്ഥാനം വഹിക്കുന്ന മതവിഭാഗമാണ് ഇസ്ലാം എന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ ഈസ പങ്കെടുത്ത ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡോവൽ.
ഇസ്ലാമിനെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള പണ്ഡിതനും ഇസ്ലാമിന്റെ ആധികാരികമായ ആഗോള ശബ്ദവുമാണ് അൽ-ഇസ്സയെ ഡോവൽ പ്രശംസിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള മികച്ച ബന്ധത്തെ പ്രകീർത്തിച്ച ഡോവൽ, ഇത് സാംസ്‌കാരിക പൈതൃകത്തിലും പൊതു മൂല്യങ്ങളിലും സാമ്പത്തിക ബന്ധങ്ങളിലും വേരൂന്നി നിൽക്കുന്നതാണെന്ന് വ്യക്തമാക്കി. നമ്മുടെ നേതാക്കൾ ഭാവിയെക്കുറിച്ച് ഒരേ കാഴ്ചപ്പാടാണ് പങ്കിടുന്നത് എന്ന് അദ്ദേഹം പരാമർശിച്ചു.
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും വംശങ്ങളുടെയും സംഗമസ്ഥാനമാണ് ഇന്ത്യ. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യമെന്ന നിലയിൽ, മതപരവും വംശീയവും സാംസ്‌കാരികവുമായ വ്യത്യാസങ്ങൾ
നോക്കാതെ എല്ലാ പൗരന്മാർക്കും ഒരേ സ്ഥാനം നൽകാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇത്തരത്തിൽ നിരവധി മതവിഭാഗങ്ങൾക്കിടയിൽ, ഇസ്ലാം സവിശേഷവും പ്രധാനപ്പെട്ടതുമായ സ്ഥാനം വഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ളത് ഇന്ത്യയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) 33-ലധികം അംഗരാജ്യങ്ങളുടെ മൊത്തത്തിലുള്ള ജനസംഖ്യയ്ക്ക് തുല്യമാണ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയെന്നും ഡോവൽ കൂട്ടിച്ചേർത്തു.








