നടി ദീപിക പദുകോണിന്റെ സാമ്പത്തിക പിന്തുണയോടെയുള്ള edtech സ്റ്റാർട്ടപ്പ് സംരംഭമായ ഫ്രണ്ട് റോ ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിച്ചു. നീണ്ട പിരിച്ചുവിടലുകൾ നടത്തി നഷ്ടം നികത്താൻ കമ്പനി നേരത്തെ ശ്രമിച്ചിരുന്നു എങ്കിലും സാധ്യമാകാത്തതിനെ തുടർന്നാണ് എന്നെന്നേക്കുമായി അടച്ചു പൂട്ടുന്നത്. കഴിഞ്ഞ ജൂൺ 30ന് കമ്പനി ദൈനംദിനപ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി ഫ്രണ്ട് റോ സഹസ്ഥാപകൻ ഇഷാൻ പ്രീതം സിംഗ് പ്രസ്താവന നടത്തിയിരുന്നു. വലിയ സാമ്പത്തിക നഷ്ടത്തെ തുടർന്ന് ഒക്ടോബറിലെ കൂട്ട പിരിച്ചുവിടലിനു ശേഷം ഏതാണ്ട് 35 അംഗങ്ങൾ മാത്രമുള്ള ഒരു ചെറിയ ടീമായി ആയിരുന്നു ഫ്രണ്ട് റോ പ്രവർത്തിച്ചു വന്നിരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം എലിവേഷൻ ക്യാപിറ്റൽ, ലൈറ്റ്‌സ്പീഡ് വെഞ്ച്വർ പാർട്‌ണേഴ്‌സ്, ക്രെഡിന്റെ കുനാൽ ഷാ, അൺഅകാഡമിയുടെ ഗൗരവ് മുഞ്ജൽ, ഷെയർചാറ്റിന്റെ ഫരീദ് അഹ്‌സൻ തുടങ്ങിയ നിക്ഷേപകരിൽ നിന്നായി 130 കോടി രൂപ ഫ്രണ്ട് റോ മൂലധനമായി സമാഹരിച്ചിരുന്നു . ദീപിക പദുക്കോൺ കൂടാതെ വിശാൽ ദദ്‌ലാനി, റാഫ്താർ എന്നീ സെലിബ്രിറ്റികളും ഫ്രണ്ട് റോയ്ക്ക് സാമ്പത്തിക പിന്തുണ നൽകുന്നവരിൽ ഉൾപ്പെടുന്നു .
75% ജീവനക്കാരെയും പിരിച്ചുവിട്ട് ഏകദേശം ഒമ്പത് മാസത്തിന് ശേഷമാണ് ഇപ്പോൾ കമ്പനി പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിക്കുന്നത്.
ബിസിനസ് മേഖലയോട് വളരെ താല്പര്യം കാണിക്കുന്ന ഒരു സെലിബ്രിറ്റിയാണ് ദീപിക പദുകോൺ. 2014-ൽ ആണ് ഉപഭോക്തൃ കേന്ദ്രീകൃത സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾക്കായി ദീപിക കെഎ എന്റർപ്രൈസസ് സ്ഥാപിക്കുന്നത്. ചർമസംരക്ഷണ ഉത്പന്നങ്ങളുടെ ഒരു ബ്രാൻഡും ദീപികയ്ക്ക് സ്വന്തമായി ഉണ്ട്. പത്താൻ ആയിരുന്നു ദീപിക അവസാനമായി നായികയായി എത്തിയ ചിത്രം. ഷാരൂഖാൻ നായകനാകുന്ന ജവാൻ എന്ന സിനിമയിൽ ഒരു അതിഥി വേഷത്തിലും ദീപിക എത്തുന്നുണ്ട്. പ്രഭാസ് നായകനാക്കുന്ന പ്രോജക്ട് കെ ആണ് ഇനി ദീപികയുടേതായി പുറത്തു വരാനിരിക്കുന്ന ചിത്രം.









Discussion about this post